ജൈവകൃഷി മുന്നേറ്റത്തിന് കെ.വി.കെ.യുടെ ‘പഞ്ചഗവ്യം’

ജൈവകൃഷിയില്‍ മുന്നേറ്റത്തിന് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ.), പുതിയ മാതൃക.
പുല്ല് മാത്രം കഴിക്കുന്ന നാടന്‍ പശുക്കളുടെ ചാണകവും മറ്റും ശേഖരിച്ച് വളമാക്കി കൃഷിക്കാരിലെത്തിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് കെ.വി.കെ. ഹെഡ്ഡും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

ജൈവകൃഷിക്ക് വേണ്ട അടിസ്ഥാന ഘടകം പശുവിന്റെ ചാണകവും മൂത്രവുമാണ്. എന്നാല്‍, വ്യത്യസ്ത ഗുണനിലവാരമുള്ള ചാണകവും മൂത്രവുമാണ് ജൈവ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പശുക്കളുടെ ഇനവും ഭക്ഷണ രീതിയുമനുസരിച്ച് ഇവയുടെ ഗുണനിലവാരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. നെല്‍കൃഷി കുറഞ്ഞതു കാരണം വയ്‌ക്കോല്‍ കിട്ടാതായി. കൃത്രിമ കാലിത്തീറ്റയെ ആശ്രയിച്ചേ മതിയാകൂ. ഈ സാഹചര്യം ജൈവകൃഷി മുന്നേറ്റങ്ങളെ ബാധിക്കും എന്നതിനാലാണ് പുതിയ മാതൃകയുമായി കെ.വി.കെ. മുന്നോട്ടു വന്നിട്ടുള്ളത്. ജില്ലയുടെ മലയോര മേഖലയിലുള്ള ‘ഹൈറേഞ്ച് കുള്ളന്‍’ എന്നയിനത്തില്‍ പെട്ട നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുമായി കെ.വി.കെ. ബന്ധം സ്ഥാപിക്കുകയും ഉപഗ്രഹ നാടന്‍ പശു ഉത്പന്ന യൂണിറ്റുകള്‍ തുടങ്ങുകയും ചെയ്തു.

cow

വനത്തില്‍ മേയുന്ന പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും ഗുണനിലവാരം കൂടുതലാണ്. ഇത്തരം യൂണിറ്റുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ‘പഞ്ചഗവ്യ’ മാണ് ഹൈക്കോടതിക്കടുത്തുള്ള സി.എം.എഫ്.ആര്‍.ഐ. യിലെ കെ.വി.കെ. വിപണന കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ആയിരത്തോളം ലിറ്റര്‍ ‘പഞ്ചഗവ്യം’ വിതരണം ചെയ്യാന്‍ കെ.വി.കെ.യ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കേന്ദ്രത്തിലെ പ്രോഗ്രാം അസിസ്റ്റന്റ് എന്‍.വി. ദീപ്തിയാണ് യൂണിറ്റിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്.
ജില്ലയിലെ ജൈവകൃഷി മുന്നേറ്റങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്താന്‍ നാടന്‍ പശുവിന്റെ മൂത്രം, വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച ചാണക സ്ലറി, ഉണക്കിപ്പൊടിച്ച ചാണകം, എന്നിവ കൂടി വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.വി.കെ. നാടന്‍ പശുക്കളാണെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രത്തിന്റെ മൃഗസംരക്ഷണ വിഭാഗം സാങ്കേതിക വിദഗ്ദ്ധ ഡോ. സ്മിത ശിവദാസനും ഒപ്പമുണ്ട്.
ഇത്തരം പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ വിപണിയില്‍ കിട്ടുമെങ്കില്‍ വിദ്യാര്‍ഥികള്‍, യുവാക്കള്‍, ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ തുടങ്ങി എല്ലാവരും ജൈവകൃഷിക്കായി മുന്നോട്ടു വരുമെന്ന് കേന്ദ്രം ഉറപ്പിക്കുന്നു. ‘സ്വന്തം കൃഷി; സുരക്ഷിത ഭക്ഷണം’ എന്നതായിരിക്കണം നമ്മുടെ പുതിയ മുദ്രാവാക്യമെന്ന് ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറയുന്നു.

Comments