മലപ്പുറംകാർക്ക് സന്തോഷ വാർത്ത പച്ചക്കറിവിത്ത് വിതരണത്തിന് എ.ടി.എം വരുന്നു

ഇനി പച്ചക്കറിക്കൃഷി ചെയ്യാന്‍ വിത്ത് അന്വേഷിച്ച് അലയേണ്ട. വിരല്‍ത്തുമ്പില്‍ അവശ്യമുള്ള വിത്തുകള്‍ തയ്യാര്‍……… എ.ടി.എം മാതൃകയില്‍ വിത്ത് വിതരണത്തിന് സംവിധാനം ഒരുക്കുകയാണ് ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം. ഇതില്‍ എല്ലാം എ.ടി.എമ്മില്‍നിന്ന് പണമെടുക്കുന്ന രീതിയില്‍ തന്നെയാണ്. വിത്തുകളെക്കുറിച്ച് സീഡ് വെന്‍ഡിങ് മെഷീനിന്റെ ഡിസ്‌പ്ലേയില്‍ വിവരമുണ്ട്. ഇതില്‍ അമര്‍ത്തി 10 രൂപ ഇട്ടശേഷം വീണ്ടും ഞെക്കിയാല്‍ ആവശ്യമുള്ള വിത്ത് പുറത്തേയ്ക്ക് വരും.

10 രൂപയുടെ പായ്ക്കറ്റുകളിലാണ് വിത്തുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. 36 ഇനം വ്യത്യസ്ത ഇനങ്ങളെ കൂടാതെ അച്ചാറുകള്‍, ജ്യൂസ് എന്നിവയും യന്ത്രത്തില്‍ നിന്ന് ലഭിക്കും. തുടക്കത്തില്‍ വിത്തുകള്‍ മാത്രമാണ് ലഭിക്കുന്നത്. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് സംവിധാനം നിലവില്‍ വരുന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സംവിധാനമുള്ളത്. 2.25 ലക്ഷം രൂപ ചെലവില്‍ ഡല്‍ഹി ആസ്ഥാനമായ കമ്പനിയാണ് ഇത് നിര്‍മിച്ചത്. പച്ചക്കറിക്കൃഷിക്കാര്‍ക്ക് വിത്ത് ദൗര്‍ലഭ്യം പരിഹരിക്കാനും ഗുണമേന്‍മയുള്ള വിത്ത് ലഭ്യമാക്കി കൂടുതല്‍പേരെ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. മലപ്പുറം സിവില്‍സ്‌റ്റേഷനില്‍ സംവിധാനം സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആനക്കയം കാര്‍ഷിക ഗവേണകേന്ദ്രം മേധാവി ഡോ. രാജേന്ദ്രന്‍ അറിയിച്ചു.

Courtesy: mathrubhumi.com

Comments